മംഗലാപുരം വിമാനാപകടം: ആശ്രിതരുടെ സംഘടന നാനാവതിയുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: വിമാനാപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കുവാനും നഷ്ടപരിഹാര സംഖ്യ നല്‍കുവാനുമായി എയര്‍ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല ആന്റ് മുല്ല കാര്യദര്‍ശി, എച്ച്.ടി. നാനാവതി ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മംഗലാപുരത്തെത്തി.
മരണപ്പെട്ടവരുടെ ആശ്രിതരുടെ സംഘടനയായ മംഗലാപുരം എയര്‍ ക്രാഷ് വിക്ടിംസ് ഫാമിലീസ് അസോസിയേഷന്‍ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ സംഘടനയുമായി ഔദ്യോഗികമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും എച്ച്.ടി. നാനാവതി മുന്നോട്ട് വന്നിട്ടുണ്ട്. സംഘടനാ നേതാക്കള്‍ ഈയിടെ കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായും ചര്‍ച്ച നടത്തിയിരുന്നു. മരിച്ച 158 പേരില്‍ കേവലം 66 കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ നഷ്ടപരിഹാര തുക കൈപറ്റിയിട്ടുള്ളു. സാമ്പത്തികമായി പരാതീനതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പകുതിയിലധികം കുടുംബങ്ങളും ഇഷൂറന്‍സ് തുക കൈപറ്റുവാന്‍ തയ്യാറായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്.ഡി. നാനാവതിയുടെ പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ച് ആശ്രിതരുടെ സംഘടനയുടെ പ്രസിഡണ്ട് മുഹമ്മദ് ബ്യാരി, കോ ഓര്‍ഡിനേറ്റര്‍ എന്‍.എ. സുലൈമാന്‍, ഭാരത് രാജാഷെട്ടി, ഡോ. മൊയ്യബ്ബ, കളിങ്ങോന്‍ നാരായണന്‍, അബ്ദുല്‍ റസാഖ്, ഹബീബ് ഉള്ളാല്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അങ്ങേയറ്റം മാനുഷിക പരിഗണന നല്‍കി നഷ്ടപരിഹാര തുക മാന്യമായ രീതിയില്‍ നല്‍കുവാനും എത്രയും വേഗം ബാക്കി കുടുംബാംഗങ്ങളെ ക്ഷണിച്ച് വരുത്തി നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ തയ്യാറാവണമെന്ന് സംഘടനാ നേതാക്കള്‍ നാനാവതിയോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ചില ആശ്രിത കുടുംബങ്ങളെ ഇടനിലക്കാരുമായി ചമഞ്ഞ് ചൂഷണം ചെയ്യുന്നതായ വിവരങ്ങളും നേതാക്കള്‍ നാനാവതിയെ ബോധിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂന്നു ദിവസത്തില്‍ ഏകദേശം പത്തോളം കുടുംബാംഗങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്യുകയും ചിലരുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment