പെട്രോള്‍ വിലവര്‍ദ്ധന: മന്ത്രിമാരെ പിന്‍വലിക്കുമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം അദ്ദേഹത്തെ കാണുമെന്നും അദ്ദേഹത്തിന്റെ തീരമാനം അറിഞ്ഞ ശേഷമായിരിക്കും അന്തിമതീരുമാനമെന്നും മമത ബാനര്‍ജി പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധന ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് മമത നിലപാട് അറിയിച്ചത്.സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനമെടുക്കുന്നതിന് മുന്‍പ് ഘടകകക്ഷികളുമായി കൂടിയാലോചിക്കുന്നില്ല. ഇതില്‍ പാര്‍ട്ടിക്ക് നിരാശയുണ്‌ടെന്നും അവര്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധന സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്നതായും മമത കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു ഭരിക്കാവുന്നതാണെന്നും മമത അറിയിച്ചു. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരേ യുപിഎ ഘടകകക്ഷികളായ എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും രംഗത്ത് വന്നിട്ടുണ്ട്.
No comments:
Post a Comment