സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 23, 2011

ദേശീയദിനം: ദ്വിദിന ആഘോഷാരവങ്ങളില്‍ സൗദി

റിയാദ്: സൗദി അറേബ്യയുടെ എണ്‍പത്തി ഒന്നാം ദേശീയ ദിനം ഇന്ന്. രാജ്യത്തെ വികസനത്തിന്റെ ഉന്നത പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ രാഷ്ട്ര ശില്‍പി അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ ദീപ്തസ്മരണയില്‍ ഇന്നും നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ നടക്കും. ഗവര്‍ണര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ പ്രവിശ്യകളിലും വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മലയാളി സംഘടനകളും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ പതാകകളും അലങ്കാര വിളക്കുകളും തോരണങ്ങളും കൊണ്ട് പ്രധാനനിരത്തുകളും പാലങ്ങളും വ്യാപാര കേന്ദ്രങ്ങളും ഗ്രൗണ്ടുകളും അണിയിച്ചൊരുക്കി. അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രത്തോടൊപ്പം തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവിന്റെയും കിരീടാവകാശികളായ സുല്‍ത്താന്‍, നായിഫ് രാജകുമാരന്മാരുടെയുടെയും ചിത്രങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്. രാജഭരണത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് എല്ലാ ചിത്രങ്ങളിലുമുള്ള സന്ദേശം.

പക്ഷപാതത്തിന്റെയും  ഗോത്ര വര്‍ഗ വടംവലിയുടെയും ഭിന്നിപ്പിന്റെയും തികച്ചും പ്രതികൂല സാഹചര്യത്തിലാണ് 1932 സെപ്തംബര്‍ 23ന് അറേബ്യയെ ഹിജാസ് പ്രദേശവുമായി കൂട്ടിച്ചേര്‍ത്ത് അബ്ദുല്‍ അസീസ് ബിന്‍ സഊദ് സൗദി അറേബ്യ രൂപീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മക്കളായ സഊദും ഫൈസലും ഖാലിദും ഫഹദും രാജ്യം ഭരിച്ചു. ഇപ്പോള്‍ അബ്ദുല്ലയുടെ കൈകളിലാണ് ഭരണം.

ദേശീയ ദിനം പ്രമാണിച്ച് അബ്ദുല്ല രാജാവ്, കിരീടാവകാശികളായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്, നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, വിദേശ കാര്യമന്ത്രി സഈദ് അല്‍ഫൈസല്‍, ആരോഗ്യ മന്ത്രി അബ്ദുല്ല അല്‍റബീഅ, വാര്‍ത്താ വിതരണ മന്ത്രി അബ്ദുല്‍ അസീസ് അല്‍ഖോജ, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ എന്നിവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'രാഷ്ട്ര ശില്‍പി അബ്ദുല്‍ അസീസ് തുടക്കമിട്ട വിവിധ പദ്ധതികള്‍ നാം പൂര്‍ത്തിയാക്കി രാജ്യത്തെ അഭിവൃദ്ധിയിലേക്കാനയിച്ചു. ഇരു ഹറമുകളിലും വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ സമൂഹത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു. വിവിധയിടങ്ങളില്‍ സാമ്പത്തിക നഗരങ്ങളൊരുക്കി രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുത്തു. തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയും ആനുകൂല്യങ്ങള്‍ നല്‍കിയും സാമൂഹിക ജീവിത നിലവാരം മെച്ചപ്പെടുത്തി. രാജ്യ സുരക്ഷ നമ്മുടെ കടമയാണ്. ഐക്യത്തോടെ നിന്നാല്‍ ഛിദ്ര ശക്തികളെ നമുക്ക് നേരിടാം' രാജാവ് ദേശീയ ദിനാശംസയില്‍ ഓര്‍മ്മപ്പെടുത്തി.

തലസ്ഥാനമായ റിയാദില്‍ മൂന്നെണ്ണം പുരുഷന്മാര്‍ക്കും അഞ്ചെണ്ണം സ്ത്രീകള്‍ക്കുമായി ഒമ്പത് കേന്ദ്രങ്ങളിലാണ് ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനം വെള്ളിയാഴ്ചയായതിനാല്‍ ശനിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടുദിവസത്തെ പരിപാടികളാണ് എല്ലായിടത്തുമുള്ളത്. സലാഹുദ്ദീന്‍ റോഡില്‍ അമീര്‍ സുല്‍ത്താന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കാമ്പസ്, കിംഗ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്റര്‍, കിംഗ് അബ്ദുല്‍ അസീസ് മനാഖ് ഗാര്‍ഡന്‍, ഈസ്റ്റേണ്‍ റിംഗ് റോഡിലെ എക്‌സിബിഷന്‍ സ്‌ക്വയര്‍, ഡിപ്ലോമസി പാര്‍ക്ക്, അരീജാ സ്ട്രീറ്റിലെ അല്‍ദോഹ് സ്‌ക്വയര്‍, അല്‍റഫീഇലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിംപ്ലിക്‌സ് കോംപ്ലക്‌സ്, തെക്കന്‍ റിയാദിലെ ദുറതുല്‍ ഹദായിഖ്, അബൂബക്കര്‍ റോഡിലെ റിയാദ് സ്വിംഗ് ഫെസ്റ്റിവെല്‍ കേന്ദ്രം  എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികള്‍. ദേശീയഗാനം, കവിതാപാരായണം, പ്രാദേശിക കലകളുടെ അവതരണം, കുട്ടികളുടെയും കുടുംബിനികളുടെയും പരിപാടികള്‍ എന്നിവ നടക്കും.

എല്ലാ പ്രവിശ്യകളിലും കനത്ത നിയന്ത്രണങ്ങളും സുരക്ഷാ സന്നാഹങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 2009 ല്‍ അല്‍ഖോബാറില്‍ ദേശീയദിനത്തില്‍ സ്വദേശി യുവാക്കള്‍ ആഘോഷങ്ങള്‍ക്കിടെ പരിധി ലംഘിച്ചുവെന്ന് പരാതികള്‍ ഉയര്‍ന്ന തിനെ തുടര്‍ന്നാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പച്ച വസ്ത്രങ്ങളണിഞ്ഞ് മുഖം പച്ച പൂശി കാറുകള്‍ ദേശീയ പതാകകളലങ്കരിച്ചായിരുന്നു സ്വദേശികള്‍ തെരുവുകളില്‍ നൃത്തമാടിയിരുന്നത്. 225 പേരെയായിരുന്നു ഇതിന്റെ പേരില്‍ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്റര്‍നെറ്റ് തുടങ്ങി മറ്റു ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി ഗണിക്കുമെന്ന് ദമ്മാം പ്രവിശ്യ പോലീസ് വ്യക്തമാക്കി. അല്‍ഖോബാറടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത നിരീക്ഷണമാണേര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം മാതാപിതാക്കളും അധ്യാപകരും മാധ്യമങ്ങളും ശ്രദ്ധിക്കണം. പൊതു സ്ഥലങ്ങളില്‍ അനാവശ്യമായി സംഘം ചേരാനും അനുവദിക്കില്ല. അനിഷ്ടസംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. പോലീസ് പത്രക്കുറിപ്പില്‍ പറയുന്നു.

ദേശീയ ദിനം ഇസ് ലാമിക, പാരമ്പര്യ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ക്രിയാത്മകമായി ആഘോഷിക്കണമെന്ന് മദീന ഗവര്‍ണ്ണര്‍ അബ്ദുല്‍ അസീസ് ബിന്‍ മാജിദ് യുവജനങ്ങളോട് ആവശ്യപ്പെട്ടു. മദീനയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മക്കയിലും ജിദ്ദയിലും ഗവര്‍ണ്ണറുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭ ചടങ്ങുകള്‍ നടത്തുന്നുണ്ട്. സുരക്ഷാ ചുമതലക്ക് മേല്‍നോട്ടം വഹിക്കാന്‍ റിയാദില്‍ ആക്ടിംഗ് ഗവര്‍ണര്‍ സത്താം രാജകുമാരന്‍ പോലീസ് ഡയറക്ടറോട് നേരിട്ട് ആവശ്യപ്പെട്ടു.

മദീന കെ.എം.സി.സി. സെന്‍ട്രല്‍ കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മദീന അധികാരികള്‍ കെ.എം.സി.സി. ഭാരവാഹികളെ പ്രശംസിച്ചു. വിവിധ ഭാഗങ്ങളില്‍ കെ.എം.സി.സി. വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുന്നുണ്ട്. റിയാദില്‍ നൂറാന്‍ ഇസ്തിറാഹയില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇന്ന് സംഘടിപ്പിക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ സംഗമത്തില്‍ എല്ലാ പ്രവിശ്യകളില്‍ നിന്നും മലയാളി പ്രതിനിധികള്‍ ഇവിടെയെത്തുന്നുണ്ട്. സൗദിയിലെ ഉന്നത മതപണ്ഡിതര്‍ സംബന്ധിക്കുന്ന പരിപാടി കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.


No comments: